മാസത്തിലെ അവസാന വെളളിയാഴ്ച്ചയല്ലേ...! പതിവുപോലെ ഭവതി വെളുപ്പിന് എഴുന്നേറ്റ് ജനാല തുറന്ന് സൂര്യൻ്റെ വരവും കാത്തിരിക്കുകയായിരിക്കും." മുറിയിൽ എൻ്റെ കാലൊച്ച കേട്ടിട്ട് ഉറ്റ തോഴിയുടെ പുതപ്പിനടിയിൽ നിന്നുമുള്ള പരിഹാസം! ചില ദിവസങ്ങളിൽ പരിഹാസം സഹിക്കവയ്യാതെ കുട്ടിയെ ബെഡിൽ നിന്നും വലിച്ച് നിലത്തിട്ട് തൃപ്തിയടയാറുണ്ട്. എന്നാൽ ഇന്ന് സ്വസ്ഥതയുടെ ചില അസാധാരണ അനുഭൂതിയോടുകൂടിയാണ് ഉണർന്നതു തന്നെ. അതു കൊണ്ട് ചില ചുരുങ്ങിയ ഡയലോഗുകൾ പറഞ്ഞൊഴിഞ്ഞു. "സൂര്യകാന്തി വിരിയുന്നതു തന്നെ സൂര്യനു വേണ്ടിയല്ലേ നിരഞ്ജനേ... "
"നേരം പുലരട്ടെ സൈക്കോളജി വിഭാഗം വരെ ഒന്നു പോകണം. രാവിലെകളിൽ മാത്രം വരുന്ന ഭ്രാന്തിന് എന്താ പ്രതിവിധിയെന്നറിയാമല്ലോ..." ഇതും പറഞ്ഞ് അവൾ ഉറക്കത്തിൻ്റെ പുതിയ ഘട്ടത്തിലേക്ക് കടന്നു.
ശാന്തി ...! ഇനി പുലരുവാൻ ഒരു കാത്തിരിപ്പിൻ്റെ ദൈർഘ്യം.ഏററവും നല്ല ചിന്തകൾ മനസിൽ തെളിയുക ഈ അസുലഭ നേരത്താണ്.ഉദയസൂര്യൻ അതിരാവിലെ മാനത്തുതീർക്കുന്ന സുന്ദര ചിത്രങ്ങൾ കണ്ടുകഴിയുമ്പോൾ ഒരു കോരിത്തരിപ്പാണ്.ബാക്ക്ഗ്രൗണ്ടിൽ കിളികളുടെ കലപിലയും.
മന്ദത വിട്ടുമാറാത്ത തുടക്കങ്ങൾക്കും പരിഭ്രാന്തി നിറഞ്ഞ ഒടുക്കങ്ങൾക്കുമിടയിൽ അതീവ സുന്ദരവും ശാന്തവുമായ കുറച്ച് ദിനങ്ങളുണ്ടാകും ഓരോ സെമസ്റ്ററിലും.ഏറ്റവും ഭംഗിയായി ജീവിക്കുക ആ ദിവസങ്ങളിലാണ്.അന്നൊക്കെ വെള്ളിയാഴ്ചകൾക്കു മാത്രമല്ല ഓരോ ദിവസത്തിനും ഓരോ പ്രത്യേകത ഉണ്ടാകും.
ഇത്തവണ സൂര്യൻ ഉദിച്ചുയർന്നിട്ടും ഭ്രാന്ത് വിട്ടകന്നില്ല.കോളേജിലേക്കുള്ള വഴിയിലും ക്ലാസ്സിന്റെ ആദ്യ പകുതിയിലും മനസ് ഹൈഡ്രജൻ ബലൂണുപോലെ അല്പം ഉയർന്നു തന്നെ നിന്നു.
അനുഭൂതികളെ ഞാൻ കുറ്റം പറയില്ല.സ്വാർത്ഥതയും അസൂയയും നിറഞ്ഞ ചുറ്റുപാടുകൾക്കപ്പുറം സ്വന്തം ചിന്തകളുടെ കുളിരിൽ ജീവിക്കാമല്ലോ...!
ക്ലാസിൽ തുടരാനുള്ള മനസുണ്ടായില്ല.ബ്രേക്ക് ടൈമിൽ ബാഗ് എടുത്ത് ഞാൻ ഹോസ്റ്റലിലേക്ക് മടങ്ങി.യുവവേദി ഗ്രന്ഥശാലയിൽ തിരികെ ഏല്പിക്കാനുള്ള പുസ്തകങ്ങളും കുറച്ചു ഡ്രസ്സും എടുത്ത ഞാൻ അടുത്ത വണ്ടിക്കുതന്നെ പുറപ്പെട്ടു. യാത്ര തുടങ്ങിയ ശേഷമാണ് കമലാക്ഷിയുടെ വീട്ടിൽ പോയാലോ എന്നു ചിന്തിച്ചത്.മറ്റാരും കേൾക്കാത്തപ്പോളൊക്കെ ഞാൻ കമലാക്ഷി എന്നു തന്നെയാണ് വിളിച്ചിരുന്നത്.എണ്പതുകളുടെ നിറവിൽനിൽക്കുന്ന കമലാക്ഷിക്കുട്ടിയെ മുത്തശ്ശി എന്നു വിളിച്ചു വാർധക്യത്തിന്റെ പടുകുഴിയിൽ തള്ളിയിടണ്ട എന്നുകരുത്തിയൊന്നുമല്ല കേട്ടോ...എപ്പോളൊക്കെയോ അവർ അതിഷ്ടപ്പെടുന്നുണ്ട് എന്നു തോന്നി അതുകൊണ്ടുമാത്രം.വൈകുന്നേരമായപ്പോഴേക്കും ഞാൻ അവിടെ എത്തി.കണ്ട മാത്രയിൽ തന്നെ മോണകാട്ടിച്ചിരിച്ച് കുണുങ്ങി കുണുങ്ങി അടുക്കലേക്ക് വന്നു . രണ്ടു കൈകളും കൊണ്ട് കവിളുകളിൽ പിടിച്ച് നെറ്റിയിൽ അമർത്തി ചുംബിച്ചു. ഇത് പതിവുകാഴ്ചകൾ മാത്രമാണ്. വാക്കുകൾ തോറ്റു പോയാലോ എന്നോർത്ത് ആ അനുഭൂതി ഞാൻ വർണ്ണിക്കുന്നില്ല. കമലാക്ഷിയുടെ ചുംബനങ്ങൾക്ക് രാവിലെ കളിൽ ചന്ദനത്തിൻ്റെയും വൈകുന്നേരങ്ങളിൽ വെറ്റിലയുടേയും ഗന്ധമാണ്.
വന്നമാത്രയിൽ തന്നെ പോകേണ്ട സ്ഥലങ്ങളുടെയും കേൾക്കേണ്ട കഥകളുടെയും ലിസ്റ്റ് നിരത്തുകയായിരുന്നു ഞാൻ. ഏകാന്തവാസിയായ അവരുടെ ജീവിതത്തിൽ എൻ്റെ വരവിനു പ്രാധാന്യമുള്ളതുകൊണ്ടാകും ഒരിക്കലും ആഗ്രഹങ്ങളെല്ലാം നിറവേറ്റാതെ എന്നെ തിരികെയക്കാറില്ല.
വരാന്തയിലിരുന്ന് വാതോരാതെ സംസാരിച്ചു തീരും മുമ്പെപ്പൊഴോ പതുങ്ങിപ്പതുങ്ങി എൻ്റെ പിന്നിലൂടെ വന്ന് കുറെ വെളിച്ചെണ്ണ തലയിലേക്ക് കമഴ്ത്തുകയായി. എന്നെ പ്രകോപിപ്പിക്കുന്ന ആദ്യത്തെ സംഭവം ഇതാകും. നെറ്റിയിലേക്ക് ഒലിച്ചിറങ്ങിയ എണ്ണ തുടച്ചു മാറ്റിക്കൊണ്ട് കണ്ണുരുട്ടി ഞാൻ തിരിഞ്ഞു നോക്കുമ്പോഴേക്കും ബലമായി പിടിച്ച് മുഖത്തും കൈയിലുമെല്ലാം എണ്ണ തേച്ച് എന്തൊക്കെയോ സൗന്ദര്യ ശാസ്ത്രവും പറഞ്ഞ് അവർ അടുക്കളയിലേക്ക് പോകും. തിളയ്ക്കുന്ന എണ്ണയിൽ നിന്ന് ഫ്രഷായി പൊരിച്ചെടുത്ത പഴംപൊരി പോലെ എണ്ണ വാർന്ന് ചൂടായി ഞാൻ വായിൽ വരുന്നതൊക്കെ വിളിച്ചു കൂവും. എത്ര സോപ്പിട്ടു കുളിച്ചാലും ഈ എണ്ണയിൽ നിന്നൊരു മോചനം ലഭിക്കുകയില്ല. ആ എണ്ണക്കുപ്പിയിലെ സൗന്ദര്യരഹസ്യം എത്രകേട്ടാലും അംഗീകരിക്കാൻ എനിക്കു സാധിക്കാറില്ല. പിന്നെ കുളി കഴിഞ്ഞു വരുമ്പോൾ എന്നെ കാത്തിരിക്കുന്ന കഞ്ഞിയും മുളകരച്ച ചമ്മന്തിയും കാണുമ്പോൾ എൻ്റെ സകല ദേഷ്യവും പമ്പ കടക്കും.
അത്താഴത്തിനു ശേഷം മുറ്റത്ത് പലക മേലിരുന്ന് മുത്തശ്ശി ഓലമെടയും. അരികിൽ മറ്റൊരു പലകമേലിരുന്നുള്ള എൻ്റെ വിഫല ശ്രമങ്ങളും ഉണ്ടാകും. രാത്രികളാണ് മുത്തശ്ശിയുടെ ഓർമകൾ ചികഞ്ഞെടുക്കുവാനുതകുന്ന സമയം. അന്നു രാത്രി കമലാക്ഷി - നീലകണ്ഠൻ പ്രണയ കഥയായിക്കൊള്ളട്ടെ വിഷയം എന്ന് ഞാൻ നേരത്തെ തീരുമാനിച്ചതാണ്. പഴയ വാക്കുകൾ കൊണ്ടലങ്കരിച്ച പഴയ പ്രണയ കഥയിലൂടെ അങ്ങനെ ആ രാത്രി കടന്നു പോയി.
പിറ്റേന്നു രാവിലെ ആദ്യം തന്നെയുണർന്ന് വീടിനോടടുത്ത ഉരുളൻ പാറയിൽ വലിഞ്ഞു കേറി ചില മനോഹര ചിന്തകളിലാണ്ടിരിക്കുകയായിരുന്നു ഞാൻ. ഉണർന്നെഴുന്നേറ്റു വന്ന കമലാക്ഷി മുത്തശ്ശി എന്നെത്തിരയുന്നേയുണ്ടായിരുന്നില്ല. ഏതെങ്കിലും ഒറ്റപ്പെട്ട സ്ഥലത്ത് സ്വപ്നം കണ്ടിരിക്കുമെന്ന് അറിയുന്നതു കൊണ്ടാവും. എഴുന്നേറ്റു വന്നപാടെ കിഴക്കോട്ടു നോക്കി നിന്ന് സൂര്യനെ വന്ദിക്കുന്നുണ്ട്. എന്തൊക്കെയോ കാര്യമായി സംസാരിക്കുന്നുമുണ്ട്. ഈ പരിപാടിയുടെ ഏക ദൃക്സാക്ഷി പാറപ്പുറത്തെ ഞാനും ...! കൈയിൽ ജലമെടുത്ത് മറ്റെന്തൊക്കെയോ കാട്ടിക്കൂട്ടലും. ഇവയൊന്നും കണ്ട് അധികനേരം മൗനം പാലിക്കാൻ എനിക്കായില്ല." കമലാക്ഷിക്കുട്ടി രാവിലെ സൂര്യനെ കുളിപ്പിക്യാണോ കുറച്ച് സോപ്പു കൂടി കിട്ടിയിരുന്നെങ്കിൽ പുള്ളിക്കാരനെ സുന്ദരനാക്കിയേനെ" എന്ന് ഞാൻ പരിഹസിച്ചു. "മരങ്കേറി...! വായടക്ക് .ഞാനിതൊന്ന് തീർക്കട്ടെ" എന്നു പറഞ്ഞ് വീണ്ടും അവർ അത് തുടർന്നു.രാവിലെ തന്നെ അത്രയും കേട്ടപ്പോൾ വല്ലാത്തൊരു ആത്മനിർവൃതി. വൈകുന്നേരം എനിക്കായി പാലടയുണ്ടാക്കിയിരുന്നു.അതിനു ശേഷം ഞങ്ങൾ രണ്ടാളും കൂടി ഒരിടത്തു പോയി. അവിടെ അടുത്തായി ആൾത്താമസമില്ലാത്ത ഒരു വീടുണ്ട്. വീട് പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്. ആ വീടിൻ്റെ മൺ ചുവരുകളിൽ പറ്റിപ്പിടിച്ചുവളരുന്ന വെറ്റക്കൊടികളാണ് മുത്തശ്ശിയുടെ ലക്ഷ്യമെങ്കിൽ എൻ്റെ ലക്ഷ്യം ആ ഒരു നടത്തവും മനസിൻ്റെ കുളിർമയുമാണ്. ആൾത്താമസമില്ലെങ്കിലും നീരുറവകളുടെ സാന്നിധ്യം കാരണം സദാ നിറഞ്ഞു തുളുമ്പുന്ന ഒരു കിണറുണ്ടവിടെ.
തിരികെ വരുന്ന വഴി കാക്ക കൊത്താത്ത പേരക്കകളും പഴുത്തു തുടുത്ത അയണി ചക്കകളും പറിച്ചു.
അന്ന് രാത്രിയിൽ കമലാക്ഷി വളരെയേറെ വാചാലയാകുന്നുണ്ടായിരുന്നു. പതിവുപോലെ എൻ്റെ ആവശ്യപ്രകാരം എനിക്കായ് അവർ ഒത്തിരി കഥകൾ ഓർമയിൽ നിന്ന് ചികഞ്ഞെടുത്തു. മറ്റൊരു ഒഴിവുകാലം വരുന്നതുവരെ ഈ ഓർമകൾ എന്നെ ഓമനിക്കും.അവരിൽ എന്നും ഞാൻ നന്മകണ്ടിരുന്നു. വാർദ്ധക്യം ബാധിച്ച കണ്ണുകളിൽ അനുഭവത്തിൻ്റെയും ജീവിത പാഠങ്ങളുടെയും സമ്പൂർണത സദാ തിളങ്ങിക്കൊണ്ടിരിക്കും.
തിരികെ ഹോസ്റ്റലിൽ പോകുമ്പോൾ കൂട്ടിനായി ചില പുതിയ പുസ്തകങ്ങൾ കണ്ടെത്തിയിരുന്നു. അവയൊക്കെ ഭദ്രമാക്കി വച്ചു. കമലാക്ഷിക്കുട്ടിയുടെ കരവിരുതിനാൽ തീർത്ത മധുര പലഹാരങ്ങളുമുണ്ട്.
പിറ്റേന്ന് നേരത്തെ തന്നെ ഉണർന്ന് ഞാൻ കുളിക്കാൻ പോയി. മുത്തശ്ശിയുണർന്നാൽ കുളി പിന്നെ എണ്ണയിലാകും എന്ന് എനിക്ക് നന്നായി അറിയാം. കുളികഴിഞ്ഞു വന്ന് ഞാൻ നീട്ടി വിളിച്ചു "കമലാക്ഷിക്കുട്ട്യേ"...
ഉണർന്നില്ല ...
പിന്നൊരിക്കലും ...😔