Wednesday, 21 October 2020

ഉണ്ണിക്കുട്ടൻ

 

പതിനഞ്ച് വർഷങ്ങൾക്കു ശേഷം ഞാൻ ഉണ്ണിക്കുട്ടനെ കാണുകയായിരുന്നു. പഴയ അഞ്ചു വയസ്സുകാരിയുടെ കൗതുകത്തോടെ. ഇടയ്ക്കിടെ സ്വപ്നങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടു മുങ്ങാറുണ്ടായിരുന്നു പലപ്പോഴും. ഇത്രയേറെ വർഷങ്ങൾക്കിപ്പുറവും നിറംമങ്ങാത്ത ബാല്യകാല ഓർമ്മകൾ ധാരാളമുണ്ട്. വീണ്ടുമൊരു കണ്ടുമുട്ടൽ യാദൃശ്ചികമായിരുന്നു. കണ്ടമാത്രയിൽ തന്നെ മനസ്സ് ശരവേഗത്തിൽ എന്നെയും കൊണ്ട് ആ സുഖസുന്ദര കാലഘട്ടത്തിലേക്ക് കടന്നു. അത്ഭുതം അടക്കാനാവാതെ ഞാൻ ചുറ്റും നോക്കി. ആരും ഉണ്ണിക്കുട്ടനെ ശ്രദ്ധിക്കുന്നില്ല. പണ്ടും അതങ്ങനെ തന്നെ ആയിരുന്നു. എന്നാൽ കുറച്ച് കുട്ടിമണികൾ അവരെ ചുറ്റിപ്പറ്റി തന്നെയുണ്ട്.പണ്ടൊക്കെ അവരെ കണ്ടുകഴിഞ്ഞാൽ ഞാൻ ഓടി അടുത്തെത്തും. എന്നാൽ ഇന്ന് വളർന്നു പോയി എന്ന ഒറ്റക്കാരണത്താൽ പരിസരം മറന്ന് ആർത്ത് ഉല്ലസിക്കാൻ ഉള്ള അനുമതി സ്വയം നിഷേധിച്ചുകൊണ്ട്... അതുകൊണ്ട് മാത്രം, പെട്ടെന്ന് മനസ്സിൽ ഇരച്ചുകയറിയ അത്ഭുതവും ഉന്മേഷവും കണ്ണിലും ചുണ്ടിലും മാത്രം  ഒളിപ്പിച്ച്  അങ്ങനെയങ്ങു നിന്നുപോയി.
     കൈ നിറയെ പല നിറത്തിലുള്ള കുപ്പിവളകൾ, കാട്ടുപൂക്കളോ അടുക്കി കെട്ടിയ കനകാംബരമോ അണിഞ്ഞ പാറിപ്പറന്ന മുടി, കഴുത്തിൽ മുത്തുമാല യോ രുദ്രാക്ഷമോ, നെറ്റിയിൽ ചന്ദനക്കുറി, കൈയിൽ വിശിഷ്ട വസ്തുക്കൾ നിറച്ച ഒരു ചെറിയ തുണി സഞ്ചി ... ഇതാണ് ഉണ്ണിക്കുട്ടനെ സാധാരണയായി കണ്ടു വരാറുള്ള രൂപം. ദാനം കിട്ടിയതെങ്കിലും വർണ്ണശബളമായ സാരി അതീവ അശ്രദ്ധയോടെ അലങ്കോലമായി ഉടുത്ത് ഇക്കണ്ട നാട്ടുകാരോടൊക്കെയും തൻറെ പ്രിയ സഹയാത്രികനോട് എന്നോണം വാതോരാതെ സംസാരിക്കുന്ന പ്രകൃതക്കാരി. ചിരിക്കാത്ത മുഖം ഉണ്ണിക്കുട്ടന് ഉണ്ടായിട്ടുണ്ടാകില്ല.
    അമ്പലത്തിനു പുറത്തെ വലിയ ആൽമരചോടും, കുളക്കരയിലെ പുൽമെത്തയും തന്നെയായിരുന്നു ഉണ്ണിക്കുട്ടന് തറവാട്. വിശപ്പില്ലാത്ത ഭഗവാന് ഭക്തർ കൊണ്ടുവന്ന പഴവും മലരും ഉണ്ണിക്കുട്ടൻ്റെ വിശപ്പിന് അറുതി വരുത്തി. അതുമല്ലെങ്കിൽ ഏതൊരു വീട്ടിൽ കയറി ചെന്നാലും ആട്ടി ഓടിക്കാതെ ആരും ഭക്ഷണംകൊടുത്തിരുന്നു.
      ഇവിടെ നിന്ന് വന്നെന്നോ എന്തിന് വന്നെന്നോ എനിക്കറിയില്ല. പ്രായഭേദമന്യേ ആർക്കു വേണേലും ഉണ്ണിക്കുട്ടാന്ന് നീട്ടി വിളിക്കാം.
      സന്ധ്യാ പൂജകഴിഞ്ഞ് പായസം കഴിക്കാൻ വേണ്ടി മാത്രം ഭക്തിമാർഗം സ്വീകരിച്ച് ഓരോ തവണ ഞാൻ അമ്പലത്തിലെത്തിയിരുന്നപ്പോഴും ഉണ്ണിക്കുട്ടനുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞു. വാഴയിലയിൽ ചൂടുള്ള ശർക്കരപ്പായസം വാങ്ങി ഒന്നിച്ചിരുന്ന് കഴിച്ചിട്ട് പോവാൻ നേരം തൻ്റെ ഏക സ്വത്തായ തുണി സഞ്ചിയിൽ നിന്ന് ചില സമ്മാനങ്ങൾ എനിക്ക് തന്നിരുന്നു. എനിക്കേറെ ഇഷ്ടപ്പെട്ട നിറത്തിലുള്ള വളപ്പൊട്ടുകളോ മഞ്ചാടിക്കുരുക്കളോ അങ്ങനെ എന്തെങ്കിലുമാവും സമ്മാനിക്കുക. അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഉണ്ണിക്കുട്ടൻ അപ്രത്യക്ഷമായത്.  ഉത്സവദിവസങ്ങളിലൊക്കെ പ്രതീക്ഷയോടെ കാത്തിരുന്നു. പക്ഷേ വന്നതേയില്ല. പിന്നെ പലപ്പോഴായി തീർത്ഥാടനങ്ങൾക്ക് പോകാറുള്ള പല അയൽക്കാരും മറ്റു പല അമ്പലങ്ങളിലും അവരെ കണ്ടു എന്ന് പറഞ്ഞു. പക്ഷേ എനിക്ക് മാത്രം പിന്നീട് ഒരിക്കലും കാണാൻ കഴിഞ്ഞില്ല . ക്രമേണ ആ സുന്ദരകാലം കാലം ഓർമ്മകളിൽ മാത്രമായി ഒതുങ്ങി.
        മനുഷ്യജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം എന്ന് ഞാൻ വിശേഷിപ്പിക്കുന്നത് ബാല്യത്തെയാണ്. കളങ്കം നിറഞ്ഞ ചിന്തകൾ മനസ്സിലേക്ക് എത്തുന്നതിന് ഏറെ മുന്നേയുള്ള മധുരമായ ഒരു കാലഘട്ടം തിരക്കേറിയ ജീവിതത്തിൽ ഒന്ന് സ്വതന്ത്രമായി തന്നിലെ നന്മകളിലേക്ക് കണ്ണോടിക്കാൻ പോലും കഴിയാതെ എന്തിനോ വേണ്ടി പായുന്ന ഞാനും നിങ്ങളും എല്ലാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകും ആ ബാല്യത്തിലേക്ക് മടങ്ങിപ്പോവാൻ  കഴിഞ്ഞിരുന്നെങ്കിൽ എന്ന്. ഇക്കാര്യത്തിൽ ആണ് എനിക്ക് ഉണ്ണിക്കുട്ടനോട് അസൂയ തോന്നാറ്. ഉണ്ണിക്കുട്ടന് ജീവിത കാലഘട്ടം മുഴുവൻ ബാല്യം തന്നെയാണ് ചിന്തകളും മനസ്സും വളരാത്തതുകൊണ്ട് എക്കാലവും അവർ സന്തുഷ്ടയാണ്. മടുപ്പുളവാക്കുന്ന ജീവിതരീതികൾ ഒന്നും തന്നെ ഇല്ല. ആരും അതിർത്തി നിർണ്ണയിക്കാത്ത സഞ്ചാരസ്വാതന്ത്ര്യവും വസ്ത്ര സ്വാതന്ത്ര്യവും... സ്വന്തമായി ആരുമില്ലാത്തവൾ എന്ന സഹതാപം നാട്ടുകാർക്ക് മാത്രമായിരുന്നു. അത്തരം വിഷമ ചിന്തകൾ അവർക്ക് എപ്പോഴെങ്കിലും ഉണ്ടായതായി ഞാൻ കരുതുന്നില്ല.
        കുറെ വർഷം കാണാതായപ്പോൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും പോലും ഞാൻ സംശയിച്ചു. രൂപത്തിലും ഭാവത്തിലും വർത്തമാനത്തിലും ഒന്നും ഇപ്പോഴും ഒരു മാറ്റവും ഇല്ല. കൂടുതൽ പ്രസന്നമായ വദനം. ഇപ്പോഴും തുണിസഞ്ചി കൈയിലുണ്ട്...
      കാലത്തിന് നേർക്ക് തൻ്റെ യൗവനം വച്ചു നീട്ടി ബാല്യം തിരികെ നൽകാൻ അപേക്ഷിക്കുന്ന നമ്മളിൽ ചിലരെങ്കിലും ഉണ്ണിക്കുട്ടനോട് അസൂയാലുക്കളാണ്. ഒരുപക്ഷേ ഞാനും. ചില സുന്ദര സൃഷ്ടികളെ ദൂരെ നിന്ന് മാത്രം കണ്ടു തൃപ്തിപ്പെടണം. ജീവിതത്തിൻറെ എല്ലാകാലവും അത്തരം കാഴ്ചകൾ നമുക്ക് മുന്നോട്ടു പോകുവാനുള്ള പ്രചോദനമാകും. ആ കാഴ്ചകൾ കാണാനും അവ ഹൃദയത്തിൽ പകർത്താനും നാം നമ്മുടെ കണ്ണുകളെയും മനസ്സിനേയും അനുവദിക്കണമെന്ന് മാത്രം.
          തിരികെ നടക്കുമ്പോൾ എന്തോ ഞാൻ എൻറെ കണ്ണുകളെ മറ്റൊന്നും കാണാൻ അനുവദിച്ചില്ല. സ്മരണകൾ എൻ്റെ ഇതളുകൾ തഴുകി ശിഖരങ്ങളിലൂടെ ഊർന്ന് എൻ്റെ വേരുകളിൽ അമരുകയായിരുന്നു. ആ കുളിർമ ഞാൻ ആസ്വദിക്കുകയായിരുന്നു.😊


Monday, 27 April 2020

കമലാക്ഷി

മാസത്തിലെ അവസാന വെളളിയാഴ്ച്ചയല്ലേ...! പതിവുപോലെ ഭവതി വെളുപ്പിന് എഴുന്നേറ്റ് ജനാല തുറന്ന് സൂര്യൻ്റെ വരവും കാത്തിരിക്കുകയായിരിക്കും." മുറിയിൽ എൻ്റെ കാലൊച്ച കേട്ടിട്ട് ഉറ്റ തോഴിയുടെ പുതപ്പിനടിയിൽ നിന്നുമുള്ള പരിഹാസം! ചില ദിവസങ്ങളിൽ പരിഹാസം സഹിക്കവയ്യാതെ കുട്ടിയെ ബെഡിൽ നിന്നും വലിച്ച് നിലത്തിട്ട് തൃപ്തിയടയാറുണ്ട്. എന്നാൽ ഇന്ന് സ്വസ്ഥതയുടെ ചില അസാധാരണ അനുഭൂതിയോടുകൂടിയാണ് ഉണർന്നതു തന്നെ. അതു കൊണ്ട് ചില ചുരുങ്ങിയ ഡയലോഗുകൾ പറഞ്ഞൊഴിഞ്ഞു. "സൂര്യകാന്തി വിരിയുന്നതു തന്നെ സൂര്യനു വേണ്ടിയല്ലേ നിരഞ്ജനേ... " "നേരം പുലരട്ടെ സൈക്കോളജി വിഭാഗം വരെ ഒന്നു പോകണം. രാവിലെകളിൽ മാത്രം വരുന്ന ഭ്രാന്തിന് എന്താ പ്രതിവിധിയെന്നറിയാമല്ലോ..." ഇതും പറഞ്ഞ് അവൾ ഉറക്കത്തിൻ്റെ പുതിയ ഘട്ടത്തിലേക്ക് കടന്നു. ശാന്തി ...! ഇനി പുലരുവാൻ ഒരു കാത്തിരിപ്പിൻ്റെ ദൈർഘ്യം.ഏററവും നല്ല ചിന്തകൾ മനസിൽ തെളിയുക ഈ അസുലഭ നേരത്താണ്.ഉദയസൂര്യൻ അതിരാവിലെ മാനത്തുതീർക്കുന്ന സുന്ദര ചിത്രങ്ങൾ കണ്ടുകഴിയുമ്പോൾ ഒരു കോരിത്തരിപ്പാണ്.ബാക്ക്ഗ്രൗണ്ടിൽ കിളികളുടെ കലപിലയും.       മന്ദത വിട്ടുമാറാത്ത തുടക്കങ്ങൾക്കും പരിഭ്രാന്തി നിറഞ്ഞ ഒടുക്കങ്ങൾക്കുമിടയിൽ അതീവ സുന്ദരവും ശാന്തവുമായ കുറച്ച് ദിനങ്ങളുണ്ടാകും ഓരോ സെമസ്റ്ററിലും.ഏറ്റവും ഭംഗിയായി ജീവിക്കുക ആ ദിവസങ്ങളിലാണ്.അന്നൊക്കെ വെള്ളിയാഴ്ചകൾക്കു മാത്രമല്ല ഓരോ ദിവസത്തിനും ഓരോ പ്രത്യേകത ഉണ്ടാകും.     ഇത്തവണ സൂര്യൻ ഉദിച്ചുയർന്നിട്ടും ഭ്രാന്ത് വിട്ടകന്നില്ല.കോളേജിലേക്കുള്ള വഴിയിലും ക്ലാസ്സിന്റെ ആദ്യ പകുതിയിലും മനസ് ഹൈഡ്രജൻ ബലൂണുപോലെ  അല്പം ഉയർന്നു തന്നെ നിന്നു.     അനുഭൂതികളെ ഞാൻ കുറ്റം പറയില്ല.സ്വാർത്ഥതയും അസൂയയും നിറഞ്ഞ ചുറ്റുപാടുകൾക്കപ്പുറം സ്വന്തം ചിന്തകളുടെ കുളിരിൽ ജീവിക്കാമല്ലോ...! ക്ലാസിൽ തുടരാനുള്ള മനസുണ്ടായില്ല.ബ്രേക്ക് ടൈമിൽ ബാഗ് എടുത്ത് ഞാൻ ഹോസ്റ്റലിലേക്ക് മടങ്ങി.യുവവേദി ഗ്രന്ഥശാലയിൽ തിരികെ ഏല്പിക്കാനുള്ള പുസ്തകങ്ങളും കുറച്ചു ഡ്രസ്സും എടുത്ത ഞാൻ അടുത്ത വണ്ടിക്കുതന്നെ പുറപ്പെട്ടു. യാത്ര തുടങ്ങിയ ശേഷമാണ് കമലാക്ഷിയുടെ വീട്ടിൽ പോയാലോ എന്നു ചിന്തിച്ചത്.മറ്റാരും കേൾക്കാത്തപ്പോളൊക്കെ ഞാൻ കമലാക്ഷി എന്നു തന്നെയാണ് വിളിച്ചിരുന്നത്.എണ്പതുകളുടെ നിറവിൽനിൽക്കുന്ന കമലാക്ഷിക്കുട്ടിയെ മുത്തശ്ശി എന്നു വിളിച്ചു വാർധക്യത്തിന്റെ പടുകുഴിയിൽ തള്ളിയിടണ്ട എന്നുകരുത്തിയൊന്നുമല്ല കേട്ടോ...എപ്പോളൊക്കെയോ അവർ അതിഷ്ടപ്പെടുന്നുണ്ട് എന്നു തോന്നി അതുകൊണ്ടുമാത്രം.വൈകുന്നേരമായപ്പോഴേക്കും ഞാൻ അവിടെ എത്തി.കണ്ട മാത്രയിൽ തന്നെ മോണകാട്ടിച്ചിരിച്ച്  കുണുങ്ങി കുണുങ്ങി അടുക്കലേക്ക് വന്നു . രണ്ടു കൈകളും കൊണ്ട് കവിളുകളിൽ പിടിച്ച് നെറ്റിയിൽ അമർത്തി ചുംബിച്ചു. ഇത് പതിവുകാഴ്ചകൾ മാത്രമാണ്. വാക്കുകൾ തോറ്റു പോയാലോ എന്നോർത്ത് ആ അനുഭൂതി ഞാൻ വർണ്ണിക്കുന്നില്ല. കമലാക്ഷിയുടെ ചുംബനങ്ങൾക്ക് രാവിലെ കളിൽ ചന്ദനത്തിൻ്റെയും വൈകുന്നേരങ്ങളിൽ വെറ്റിലയുടേയും ഗന്ധമാണ്.    വന്നമാത്രയിൽ തന്നെ പോകേണ്ട സ്ഥലങ്ങളുടെയും കേൾക്കേണ്ട കഥകളുടെയും ലിസ്റ്റ് നിരത്തുകയായിരുന്നു ഞാൻ. ഏകാന്തവാസിയായ അവരുടെ ജീവിതത്തിൽ എൻ്റെ വരവിനു പ്രാധാന്യമുള്ളതുകൊണ്ടാകും ഒരിക്കലും ആഗ്രഹങ്ങളെല്ലാം നിറവേറ്റാതെ എന്നെ തിരികെയക്കാറില്ല.    വരാന്തയിലിരുന്ന് വാതോരാതെ സംസാരിച്ചു തീരും മുമ്പെപ്പൊഴോ പതുങ്ങിപ്പതുങ്ങി എൻ്റെ പിന്നിലൂടെ വന്ന് കുറെ വെളിച്ചെണ്ണ തലയിലേക്ക് കമഴ്ത്തുകയായി. എന്നെ പ്രകോപിപ്പിക്കുന്ന ആദ്യത്തെ സംഭവം ഇതാകും. നെറ്റിയിലേക്ക് ഒലിച്ചിറങ്ങിയ എണ്ണ തുടച്ചു മാറ്റിക്കൊണ്ട് കണ്ണുരുട്ടി ഞാൻ തിരിഞ്ഞു നോക്കുമ്പോഴേക്കും ബലമായി പിടിച്ച് മുഖത്തും കൈയിലുമെല്ലാം എണ്ണ തേച്ച് എന്തൊക്കെയോ സൗന്ദര്യ ശാസ്ത്രവും പറഞ്ഞ് അവർ അടുക്കളയിലേക്ക് പോകും. തിളയ്ക്കുന്ന എണ്ണയിൽ നിന്ന് ഫ്രഷായി പൊരിച്ചെടുത്ത പഴംപൊരി പോലെ എണ്ണ വാർന്ന് ചൂടായി ഞാൻ വായിൽ വരുന്നതൊക്കെ വിളിച്ചു കൂവും. എത്ര സോപ്പിട്ടു കുളിച്ചാലും ഈ എണ്ണയിൽ നിന്നൊരു മോചനം ലഭിക്കുകയില്ല. ആ എണ്ണക്കുപ്പിയിലെ സൗന്ദര്യരഹസ്യം എത്രകേട്ടാലും അംഗീകരിക്കാൻ എനിക്കു സാധിക്കാറില്ല. പിന്നെ കുളി കഴിഞ്ഞു വരുമ്പോൾ എന്നെ കാത്തിരിക്കുന്ന കഞ്ഞിയും മുളകരച്ച ചമ്മന്തിയും കാണുമ്പോൾ എൻ്റെ സകല ദേഷ്യവും പമ്പ കടക്കും. അത്താഴത്തിനു ശേഷം മുറ്റത്ത് പലക മേലിരുന്ന് മുത്തശ്ശി ഓലമെടയും. അരികിൽ മറ്റൊരു പലകമേലിരുന്നുള്ള എൻ്റെ വിഫല ശ്രമങ്ങളും ഉണ്ടാകും. രാത്രികളാണ് മുത്തശ്ശിയുടെ ഓർമകൾ ചികഞ്ഞെടുക്കുവാനുതകുന്ന സമയം. അന്നു രാത്രി കമലാക്ഷി - നീലകണ്ഠൻ പ്രണയ കഥയായിക്കൊള്ളട്ടെ വിഷയം എന്ന് ഞാൻ നേരത്തെ തീരുമാനിച്ചതാണ്. പഴയ വാക്കുകൾ കൊണ്ടലങ്കരിച്ച പഴയ പ്രണയ കഥയിലൂടെ അങ്ങനെ ആ രാത്രി കടന്നു പോയി.     പിറ്റേന്നു രാവിലെ ആദ്യം തന്നെയുണർന്ന് വീടിനോടടുത്ത ഉരുളൻ പാറയിൽ വലിഞ്ഞു കേറി ചില മനോഹര ചിന്തകളിലാണ്ടിരിക്കുകയായിരുന്നു ഞാൻ. ഉണർന്നെഴുന്നേറ്റു വന്ന കമലാക്ഷി മുത്തശ്ശി എന്നെത്തിരയുന്നേയുണ്ടായിരുന്നില്ല. ഏതെങ്കിലും ഒറ്റപ്പെട്ട സ്ഥലത്ത് സ്വപ്നം കണ്ടിരിക്കുമെന്ന് അറിയുന്നതു കൊണ്ടാവും. എഴുന്നേറ്റു വന്നപാടെ കിഴക്കോട്ടു നോക്കി നിന്ന് സൂര്യനെ വന്ദിക്കുന്നുണ്ട്.  എന്തൊക്കെയോ കാര്യമായി സംസാരിക്കുന്നുമുണ്ട്. ഈ പരിപാടിയുടെ ഏക ദൃക്സാക്ഷി പാറപ്പുറത്തെ ഞാനും ...! കൈയിൽ ജലമെടുത്ത് മറ്റെന്തൊക്കെയോ കാട്ടിക്കൂട്ടലും. ഇവയൊന്നും കണ്ട് അധികനേരം മൗനം പാലിക്കാൻ എനിക്കായില്ല." കമലാക്ഷിക്കുട്ടി രാവിലെ സൂര്യനെ കുളിപ്പിക്യാണോ കുറച്ച് സോപ്പു കൂടി കിട്ടിയിരുന്നെങ്കിൽ പുള്ളിക്കാരനെ സുന്ദരനാക്കിയേനെ" എന്ന് ഞാൻ പരിഹസിച്ചു. "മരങ്കേറി...! വായടക്ക് .ഞാനിതൊന്ന് തീർക്കട്ടെ" എന്നു പറഞ്ഞ് വീണ്ടും അവർ അത് തുടർന്നു.രാവിലെ തന്നെ അത്രയും കേട്ടപ്പോൾ വല്ലാത്തൊരു ആത്മനിർവൃതി. വൈകുന്നേരം എനിക്കായി പാലടയുണ്ടാക്കിയിരുന്നു.അതിനു ശേഷം ഞങ്ങൾ രണ്ടാളും കൂടി ഒരിടത്തു പോയി. അവിടെ അടുത്തായി ആൾത്താമസമില്ലാത്ത ഒരു വീടുണ്ട്. വീട് പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്. ആ വീടിൻ്റെ മൺ ചുവരുകളിൽ പറ്റിപ്പിടിച്ചുവളരുന്ന വെറ്റക്കൊടികളാണ് മുത്തശ്ശിയുടെ ലക്ഷ്യമെങ്കിൽ എൻ്റെ ലക്ഷ്യം ആ ഒരു നടത്തവും മനസിൻ്റെ കുളിർമയുമാണ്. ആൾത്താമസമില്ലെങ്കിലും നീരുറവകളുടെ സാന്നിധ്യം കാരണം സദാ നിറഞ്ഞു തുളുമ്പുന്ന ഒരു കിണറുണ്ടവിടെ. തിരികെ വരുന്ന വഴി കാക്ക കൊത്താത്ത പേരക്കകളും പഴുത്തു തുടുത്ത അയണി ചക്കകളും പറിച്ചു.    അന്ന് രാത്രിയിൽ കമലാക്ഷി വളരെയേറെ വാചാലയാകുന്നുണ്ടായിരുന്നു. പതിവുപോലെ എൻ്റെ ആവശ്യപ്രകാരം എനിക്കായ് അവർ ഒത്തിരി കഥകൾ ഓർമയിൽ നിന്ന് ചികഞ്ഞെടുത്തു. മറ്റൊരു ഒഴിവുകാലം വരുന്നതുവരെ ഈ ഓർമകൾ എന്നെ ഓമനിക്കും.അവരിൽ എന്നും ഞാൻ നന്മകണ്ടിരുന്നു. വാർദ്ധക്യം ബാധിച്ച കണ്ണുകളിൽ അനുഭവത്തിൻ്റെയും ജീവിത പാഠങ്ങളുടെയും സമ്പൂർണത സദാ തിളങ്ങിക്കൊണ്ടിരിക്കും.      തിരികെ ഹോസ്റ്റലിൽ പോകുമ്പോൾ കൂട്ടിനായി ചില പുതിയ പുസ്തകങ്ങൾ കണ്ടെത്തിയിരുന്നു. അവയൊക്കെ ഭദ്രമാക്കി വച്ചു. കമലാക്ഷിക്കുട്ടിയുടെ കരവിരുതിനാൽ തീർത്ത മധുര പലഹാരങ്ങളുമുണ്ട്. പിറ്റേന്ന് നേരത്തെ തന്നെ ഉണർന്ന് ഞാൻ കുളിക്കാൻ പോയി. മുത്തശ്ശിയുണർന്നാൽ കുളി പിന്നെ എണ്ണയിലാകും എന്ന് എനിക്ക് നന്നായി അറിയാം. കുളികഴിഞ്ഞു വന്ന് ഞാൻ നീട്ടി വിളിച്ചു "കമലാക്ഷിക്കുട്ട്യേ"... ഉണർന്നില്ല ... പിന്നൊരിക്കലും ...😔