Thursday, 28 June 2018

ഒരു ഭൂതകാല സ്മരണയ്ക്ക്

             വർഷങ്ങൾ പലതു കഴിഞ്ഞപ്പോൾ ആ മധുര സ്മരണകളുടെ വശ്യത കൂടിയിട്ടേയുള്ളു. ബാല്യത്തിൽ നഷ്ടപ്പെട്ട സുന്ദര നിമിഷങ്ങളെ കൗമാരത്തിൽ വീണ്ടും മോഹിച്ചു പോയി. മനസു വാശി പിടിച്ചപ്പോൾ പിന്നെ വളർന്ന മണ്ണിലേക്ക് ഒരു യാത്ര പോകാതെ മറ്റു വഴികളുണ്ടായിരുന്നില്ല.
               മലമേലെ എന്റെ വരവും പ്രതീക്ഷിച്ച് ആ പഴയ ഇടവഴികളും, എന്റെ കുടിലും, പിന്നെയാ ഉരുളൻ പാറകളും ...! അന്നൊക്കെ മുത്തശ്ശിയുടെ കണ്ണുവെട്ടിച്ച് ആ പാറകളിലൊക്കെ പറ്റിപ്പിടിച്ച് കയറുമായിരുന്നു. കൈകാലുകളിൽ മുറിവൊഴിഞ്ഞ സമയവും ഉണ്ടായിട്ടില്ല.
               വിശാലമായി പരന്നു കിടന്നിരുന്ന കുറവൻപാറയുടെ ഒരു വശത്തേക്ക് ചായ്ഞ്ഞു നിൽക്കുന്ന ഒരു മാവുണ്ടായിരുന്നു.പാറ മേലുള്ള സായന്തനങ്ങൾക്ക് മധുരം പകർന്ന തേൻമാവ്.വീട്ടിൽ നിന്ന് ആരോടും പറയാതെ കുറവൻ പാറയ്ക്കു പോകവേ എത്രയോ വട്ടം കല്ലിടുക്കുകളിൽ ദേഹമാകെ സ്വർണപ്പുള്ളി കളുള്ള ചേരകളെ കണ്ടിരിക്കുന്നു. അവയെ ഭയന്ന് വീട്ടിലേക്ക് ഓടിപ്പോയാലും ഭയം ഉള്ളിലൊതുക്കി പുഞ്ചിരിച്ചു നടക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. കുറവൻപാറയ്ക്കു പോയ വിവരം ഒരു ഉപദേശ ക്ലാസിലവസാനിക്കാതിരിക്കാൻ അതേയുണ്ടായിരുന്നുള്ളു മാർഗം. കുറവൻപാറ കടന്നു വീണ്ടും പോയാൽ എവിടെ നിന്നോ ഉത്ഭവിച്ചു വരുന്ന ഒരു നീർച്ചാല്.തട കെട്ടി ശേഖരിച്ച ആ പുഴയിലെ വെള്ളത്തിന്റെ തണുപ്പു ശരീരത്തിലെ രോമങ്ങളെ വാരിപ്പുണരുമ്പോഴുള്ള സുഖം അനുഭവിച്ചു തന്നെയറിയണം.
 
വളർച്ചയുടെ ഓരോ ഘട്ടത്തിലും സ്വാതന്ത്ര്യം കുറഞ്ഞു കുറഞ്ഞു വന്നു. മുത്തശ്ശി പറഞ്ഞ കഥകളിലൊക്കെയും ചില ഭയപ്പെടുത്തുന്ന അപൂർവ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുവാൻ തുടങ്ങി. അദൃശ്യനായ ഗന്ധർവ്വന്മാരും പിശാചുക്കളും പുഴ വെള്ളത്തിലൂടെ ഒഴുകി വരുമെന്നും അവ നമ്മുടെ ശരീരത്തിൽ കയറിക്കൂടിയാൽ ആപത്താണെന്നും ഞാൻ കേട്ടത് മുത്തശ്ശിയിൽ നിന്നാണ് .എന്നാൽ എന്നെ ഭയപ്പെടുത്താൻ ശ്രമിച്ച കഥകളെയെല്ലാം എനിക്കു പ്രിയമായിരുന്നു. അത്തരം കെട്ടുകഥകൾ ഏറെ കൗതുകത്തോടെയാണ് ഞാൻ കേട്ടിരുന്നത് .പക്ഷേ കഥളിലെ വില്ലന്മാരോടായിരുന്നു വാസ്തവത്തിൽ എനിക്കു പ്രണയം. സത്യമല്ലാത്ത ആ കഥകൾ പകർന്ന ജിജ്ഞാസ എന്റെ ചിന്തകളെ വർണശബളമാക്കി.കഥകളിലെ രൂപമില്ലാത്ത ഗന്ധർവ്വന്മാർക്ക് മനസിൽ മഴവില്ലിന്റെ സൗന്ദര്യം നൽകി. കുറവൻപാറയ്ക്കു പോകുന്ന വഴിയിലെ പാലച്ചെടികളോടെല്ലാം സ്വപ്ന സുന്ദരനായ ആ ഗന്ധർവ്വനെ ഒരു നോക്കു കാണുവാൻ പൂർണമനസോടെ പ്രാർത്ഥിച്ചു. ഇനിയും സംഭവിക്കാനിടയില്ലാത്ത ഇത്തരം അസാധാരണ സ്വപ്നങ്ങളാണ് എന്നെ ഏറെ വർഷങ്ങൾക്കിപ്പുറവും ആ മണ്ണിലേക്ക് അടുപ്പിക്കുന്നത്.
വികൃതികൾ ഇവിടെയൊന്നും അവസാനിക്കുന്നില്ല. ഈശ്വരഭക്തി നടിച്ച് ഒഴിവു ദിവസങ്ങളിൽ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഞാൻ പോയിരുന്നത് ശരിക്കും പ്രാർത്ഥിക്കാനായിരുന്നില്ല. അമ്പലക്കുളത്തിനു സമീപം വളർന്നു പന്തലിച്ചു നിൽക്കുന്ന ചെടിയും അതിലെ താഴമ്പൂക്കുലകളും മാത്രമായിരുന്നു ലക്ഷ്യം.ഓരോ ദിവസത്തേയും 
  എന്റെ പ്രാർത്ഥന ഏറ്റവും നല്ല പൂക്കുല സ്വന്തമാക്കാൻ കഴിയണേയെന്നുള്ളതാണ്.നിലത്ത് നാലുപാടും തിരഞ്ഞ ശേഷവും പൂക്കൾ കിട്ടാത്ത പക്ഷം കൊഴിയാതെ പുഞ്ചിരിച്ചു നിൽക്കുന്ന ഒരു മുഴുത്ത പൂക്കുലയെ ലക്ഷ്യം വയ്ക്കുമായിരുന്നു.പിന്നെ അതു കൈക്കലക്കും വരെ ക്ഷേത്ര കമ്മിറ്റി ഓഫീസിൽ വഴിപാടു രസീതുകൾ എഴുതാൻ നിയോഗിച്ചിട്ടുള്ള കണ്ണൻ ചേട്ടന്റെ പിന്നാലെ കൂടും. ഒടുവിൽ അദ്ദേഹം ഗതികെട്ട് അതു പറിച്ചുതരുന്ന നിമിഷം പൂക്കുലയിൽ ഒരിതൾ അദ്ദേഹത്തിനു സമ്മാനിച്ച് സന്തോഷത്തോടെ മടങ്ങും. ചിലപ്പോഴൊക്കെ അവിടുത്തെ ഭാർഗവി മുത്തശ്ശി പായസം തരാനായി വിളിച്ചാൽ പോലും അതൊന്നും കൂട്ടാക്കാതെ പൂക്കുല കിട്ടിയ സന്തോഷത്തിൽ മതിമറന്ന് ആടിപ്പാടിയാവും വീട്ടിലേക്ക് മടങ്ങുക. താഴമ്പൂവിന്റെ മനംകവരുന്ന മണം ആസ്വദിച്ച് അതിൽ ലയിച്ചാകും പിന്നീടുള്ള യാത്ര. 
സഹപാഠികളായ ദേവൂന്റെയും ശ്രീഹരിയുടെയും വീട്ടുമുറ്റത്തെത്തുമ്പോൾ ഓരോ ഇതളുകൾ അവർക്കും സമ്മാനിച്ചിരുന്നു. ചിലപ്പോഴൊക്കെ പകരമായി ദേവു പല നിറത്തിലുള്ള വളപ്പൊട്ടുകളും, ശ്രീഹരി ഉരുണ്ടു മിനുസമായ ഗോട്ടികളും തന്നിരുന്നു. പിന്നീട് മുത്തശ്ശിയുടെ കണ്ണിൽ പെടാതെ പൂക്കുലയുമായി വീട്ടിലേക്ക് കടക്കും. അവയുടെ ശേഷിക്കുന്ന ഇതളുകളിലൊന്നെടുത്ത് കണക്കു പുസ്തകത്തിന്റെ പ്രിയപ്പെട്ട പേജിൽ സൂക്ഷിക്കുമായിരുന്നു. ഒരു പക്ഷേ മുത്തശ്ശിയുടെ കണ്ണിൽ പെട്ടാൽ ഭഗവതീടെ സ്വത്ത് കട്ടതിനുള്ള പേടിപ്പെടുത്തലാകും പിന്നീടുണ്ടാവുക. 
ഒഴിവു ദിവസങ്ങളിൽ മറ്റു പണിയൊന്നുമില്ലെങ്കിൽ വീടിനു ചുറ്റും നടന്ന് മുറ്റത്തുള്ള സകല കുഴിയാനകളെയും പെറുക്കിയെടുത്ത് കൈവെള്ളയിൽ വയ്ക്കും. അവ കൈയിൽ ഓടി നടക്കുമ്പോൾ ഒരു പ്രത്യേക അനുഭൂതിയും ...!
അടുക്കളയിൽ നിന്ന് ചിരട്ടയായ ചിരട്ടയൊക്കെ ശേഖരിച്ച് അവയിൽ മണ്ണു കുഴച്ച് അടുപ്പുകൂട്ടിയതും, അതിൽ വച്ചുണ്ടാക്കി എന്നു പറയപ്പെടുന്ന കഞ്ഞീം കറീം എന്റെ കുഴിയാനകൾക്കും  ഉറുമ്പുകൾക്കും മതിയാവോളം വിളമ്പിയതുമെല്ലാം ഇന്നലെയെന്ന പോലെ ഓർക്കുന്നു. അതും മുഷിപ്പിക്കുമ്പോൾ തൊഴുത്തിൽ പോയി കല്ല്യാണി പശുക്കുട്ടിക്ക് തിലകം ചാർത്തുന്നതിനു പുറമേ അവളുടെ തലയ്ക്കിരുവശവും റോസാപ്പൂകൾ കൊണ്ട് അലങ്കരിക്കുന്നതും ശീലമായിരുന്നു. ഒരു സെൽഫിയുടെ അഭാവത്തിൽ ആ ചിത്രങ്ങൾ ഓർമകളിൽ മാത്രമായി ഒതുങ്ങിക്കൂടി.
വീണ്ടും ആ വീടുകാണുമ്പോൾ... ആ വഴികളിലൂടെ നടക്കുമ്പോൾ ... ഓർമകൾ കെട്ടു പൊട്ടിച്ചു വന്നടുക്കുന്നു. മനം കവർന്ന് അവ പിന്നിലേക്കോടിപ്പോവുകയും ചെയ്യുന്നു. ചില ശേഷിപ്പുകൾ എന്നെ വീണ്ടും അവിടേക്കാകർഷിക്കുന്നു. പക്വതയില്ലായ്മയുടെ മധുരം നുണഞ്ഞ് മതിമറന്ന് ജീവിച്ച കാലം... ഒരു മനുഷ്യായുസ് മുഴുവൻ ഓർക്കാനുതകുന്ന വസന്തകാലം ...

"ഓർമകളുണ്ടായിരിക്കണം
ഒക്കെയും വഴിയോരക്കാഴ്ചകളായ്
പിന്നിലേക്കോടി മറഞ്ഞിരിക്കാം "

-എൻ.എൻ. കക്കാട് -
സഫലമീ യാത്ര

Friday, 20 April 2018

അമ്മ

            നാലാം ക്ലാസിലെ അവധിക്കാലത്ത് തുടങ്ങിയ യാത്രയാണ്. ഇടയ്ക്കെന്നോ നടത്തം മാറ്റി യാത്ര സൈക്കിളിലാക്കി എന്നതൊഴികെ കാര്യമായ മാറ്റമൊന്നുമില്ല.ഓരോ ഞായറാഴ്ചയ്ക്കും വേണ്ടി ഞാൻ കാത്തിരിക്കുന്നതിന്റെ മുഖ്യ കാരണം അന്നു വൈകുന്നേരത്തെ എന്റെയീ യാത്രയാണ്. യാത്രയെന്നു കേൾക്കുമ്പോൾ രണ്ടു കിലോമീറ്ററിൽ കൂടുതലൊന്നുമില്ല. എന്നാലും സുഖമുള്ള യാത്ര. കൊല്ലമിത്ര കഴിഞ്ഞിട്ടും ആ ഒറ്റമുറി വായനശാല തന്നെയാണ് എന്റെ നാട്ടിലെ ഏറ്റവും മികച്ചയിടം അവിടേക്കുള്ള യാത്ര തന്നെയാണ് എന്നെ ഏറ്റവും രസിപ്പിക്കുന്നത്.
         യാത്രയിൽ ഞാൻ ഒരിടത്തിറങ്ങി. ചെറിയൊരു വീട്. വളരെ ചെറിയ കിളിവാതിലെങ്കിലും കുനിയാതെ അകത്തു കടക്കാം. വാതിലു മെല്ലെത്തുറന്ന് അകത്തു കടക്കുമ്പോൾ കഥാപാത്രം കിടക്കയിൽ എഴുന്നേറ്റിരുപ്പാണ് .പക്ഷേ പതിവു പ്രസരിപ്പൊന്നുമില്ല മുഖത്ത്. ആകെ ഒരു വേവലാതിയും കാത്തിരിപ്പിന്റെ മുഷിപ്പും. എന്റെ വരവിനെ ശ്രദ്ധിക്കുന്നതുപോലുമില്ല. വാതിലു തുറന്ന ശബ്ദം കേട്ട് എത്തി നോക്കിയെങ്കിലും എന്റെ മുഖം കണ്ടപ്പോൾ ഗൗരവഭാവത്തിൽ തിരിഞ്ഞിരിപ്പാണ്. ഞാൻ അടുത്ത് ചെന്നിരുന്നു. ഒന്നും മിണ്ടിയില്ല. ഇടയ്ക്കെ പ്പൊഴോക്കെയോ എന്തൊക്കെയോ പറയുന്നുണ്ട് പക്ഷേ ഒന്നും എന്നോടല്ല. ഒരിക്കൽ വടികുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. ഞാൻ സഹായിച്ചില്ല. സഹായിച്ചാൽ ഇഷ്ടപ്പെടുകയുമില്ല.
           "നീ ഏതാ കുഞ്ഞേ..." അല്പം പുച്ഛം കലർന്നന ഭാവത്തിൽ എന്നോടു ചോദിച്ചു. "ഇവിടടുത്താ മുത്തശ്ശീ ". നിന്റപ്പന്റെ പേരെന്താ"? ഇനിയുള്ളതെല്ലാം പതിവു കഥ. എന്നെ തിരിച്ചറിയുന്നു... വിശേഷങ്ങൾ തിരക്കുന്നു... എന്നാൽ അടുത്തയാഴ്ച പുതിയ എന്നെ ഞാൻ തന്നെ പരിചയപ്പെടുത്തുകയും ചെയ്യുന്നു...!
             പരിചയപ്പെടൽ കഴിഞ്ഞാാൽ പിന്നെ വിഷമങ്ങളാണ്. തൊണ്ണൂറു വയസോളം പ്രായമുണ്ടെങ്കിലും ആ സ്ത്രീയുടെ മനസിലെ താൻ എന്ന അമ്മയ്ക്ക് വയസ് മുപ്പതു കടന്നിട്ടില്ല. ഇടയ്ക്ക് മുഖംകോപം കൊണ്ട് ജ്വലിക്കും. തന്റെ മകൾ സ്കൂളിൽ പോയിട്ടുമടങ്ങി വന്നില്ല എന്നും, സന്ധ്യയായിട്ടും വീട്ടിൽ വരാതെ കൂട്ടുകാരുമൊത്തു കറങ്ങി നടപ്പാണെന്നും പറയും. തിരികെ വരുമ്പോൾ നല്ല തല്ലു കൊടുക്കുമത്രേ... ഇതും പറഞ്ഞ് കുറച്ചു നേരം മൗനിയായിരിക്കും.
                  ദേഷ്യ മടങ്ങിക്കഴിഞ്ഞാൽ മറവി തിന്നുതീർക്കാത്ത ഓർമകളിൽ നിന്ന് മകൾ സ്കൂളിൽ പോകുന്നതിനു മുൻപ് കാട്ടിക്കൂട്ടിയ കുറുമ്പുകൾ വിവരിക്കും. അയലത്തെ വീട്ടിലെ ചേച്ചി കൊടുത്ത കട്ടൻ ചായ പാതി കുടിച്ച ശേഷം മറ്റേപ്പാതി മകൾ വരുമ്പോൾ കൊടുക്കാൻ മാറ്റി വച്ചേക്കുന്നു. മകളുടെ കുസൃതികളെപ്പറ്റി പറയുമ്പോഴെല്ലാം ആ കണ്ണുകളിൽ അസാധാരണ പ്രസരിപ്പുണ്ടായിരുന്നു.
              താനൊരു മകളാണെന്നോ, ഭാര്യയാണെന്നോ, അമ്മുമ്മയാണെന്നോ അവർക്ക് ഓർമയില്ല. ആകെയുള്ള ഒരേയൊരോർമ്മ താനൊരമ്മയാണെന്നുള്ളതാണ്. ഒരിക്കലും വരുവാനില്ലാത്ത തന്റെ മകളെയും കാത്ത് എന്നും ഒരേയിരിപ്പാണ് .ഇടയ്ക്കൊക്കെ ആരുടെയെങ്കിലും സഹായത്തോടെ വരാന്തയിൽ വന്നിരിക്കും. ഇടവഴിയിലൂടെ ഓടിക്കളിക്കുന്ന കുട്ടികളെ കൈകൊട്ടി വിളിച്ചിട്ട് തന്റെ മകളെക്കണ്ടോ എന്നു ചോദിക്കും. ജീവിതത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും മറവി കൊണ്ടുപോയതറിയാതെ ഇനിയും പ്രതീക്ഷയോടെ ജീവിക്കുകയാണ് ആ പാവം.
             നേരമേറെയായി. ഗ്രന്ഥശാലയിലേക്കുള്ള എന്റെ യാ
 ഇനി വ്യർത്ഥമാണ്.ഒരു പുസ്തകവും ഇക്കാലം വരെയും പ്രദാനം ചെയ്യാത്ത എന്തോ ഒന്ന് ലഭിച്ചതു പോലെയായി എനിക്ക്‌. ഇനിയും ചോദിച്ചിട്ടില്ലാത്ത ഏതൊക്കെയോ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി ഞാൻ അവിടെ നിന്നിറങ്ങി. എന്റെ വിടവാങ്ങൽ പോലും വൃദ്ധയെ ബാധിക്കുന്നില്ല. പ്രതീക്ഷയുടെ ആ കണ്ണുകളിൽ നിന്ന് എന്തൊക്കെയോ പഠിച്ചു കൊണ്ട് ഞാൻ മടക്കയാത്ര ആരംഭിച്ചു.
           ഈ കഥയിൽ ഞാനാരുമല്ല മുത്തശ്ശിക്ക് മൂന്നു നേരം ഭക്ഷണം കൊടുക്കുന്ന അയലത്തെ വീട്ടിലെ ചേച്ചിയും ആളല്ല. എക്കാലവും പ്രസക്തിയാർജിക്കുന്ന മാതൃത്വം എന്ന വികാരത്തിന്റെ ചടുല ഭാവങ്ങളാണ് എന്നെ ചൊടിപ്പിച്ചത്.തൊണ്ണൂറുകളിലും മറവിയെ പുറം കാലുകൊണ്ട് തട്ടിമാറ്റി ഒരമ്മയുടെ എല്ലാ ഭാവഭേദങ്ങളും തന്നിലുളവാക്കി തന്റെ ഹൃദയ കവാടങ്ങളും തുറന്ന് മകൾക്കായി കാത്തിരിക്കുന്ന വൃദ്ധ...!
              പണത്തിനു വേണ്ടിയുള്ള മരണപ്പാച്ചിലിനിടയിൽ നമ്മളിൽ ചിലരെങ്കിലുംഅമ്മയുടെ ഹൃദയത്തിൽ കനൽ കോരിയിട്ടിട്ടുണ്ടെങ്കിൽ സ്വയം തിരുത്താം... സ്നേഹിക്കുക ... കടലോളം സ്നേഹിക്കുക ... അനന്തമായ ആകാശത്തോളം സ്നേഹിക്കുക ...! ഏതു പ്രായത്തിലും, പ്രശസ്തിയുടെ ഏതു കൊടുമുടിയിലെത്തിയാലും എക്കാലവും അമ്മയുടെ മടിത്തട്ടിൽ തല ചായ്ക്കാൻ കൊതിക്കുന്ന ഒരു കുഞ്ഞു മനസായി പരിണമിക്കുക...
അത്രമാത്രം...!

Wednesday, 11 April 2018

നന്മയുടെ നിഴൽ

           മയക്കം ബാക്കിയാക്കിയ മന്ദത ഒട്ടും തന്നെ ഉണ്ടായിരുന്നില്ല അവളുടെ പുലരികൾക്ക്.നൂറു നൂറ് സ്വപ്നങ്ങളും കുറെയേറെ പദ്ധതികളുമായായിരിക്കും ഓരോ ദിവസവും ഉണരുക. യൗവനകാലത്തിന് ഇത്രയേറെ സൗന്ദര്യവും ഊർജവും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കിത് അവളിലൂടെയാണ്.
            ഇന്ന് അതിരാവിലെ ഉണർന്നയുടൻ തന്നെ തലേന്നു വായിച്ചു നിർത്തിയ ലേഖനത്തിന്റെ തുടർ വായനയിലായിരുന്നു അവൾ. വായനയും പ്രഭാതകൃത്യങ്ങളുമൊക്കെ കഴിഞ്ഞ് യോഗ പൂർത്തീകരിക്കുമ്പോഴേക്കും സമയം ആറിനോടടുത്തിട്ടുണ്ടാകും. പിന്നെ അടുക്കളയിൽ 'അതിവേഗം ബഹുദൂരം' എന്ന മട്ടിലൊരു മരണപ്പാച്ചിലാണ്. അടുക്കളപ്പണി കഴിഞ്ഞാൽ പുള്ളിക്കാരി ശാന്തമാകും. ശേഷം വരാന്തയിൽ നിന്ന് കൈയ്യോന്നിയിട്ടു കാച്ചിയ എണ്ണ മുടിയിൽ തേച്ച് പിടിപ്പിക്കുമ്പോൾ ഇടയ്ക്കൊക്കെചിന്തയിൽ മുഴുകാറുണ്ട്. വർത്തമാനത്തിലേക്ക് തിരിച്ചു വന്ന് പുതുമൊട്ടിട്ട തന്റെ മുല്ലച്ചടികളെ നോക്കി നീട്ടിച്ചിരിക്കും. പിന്നെ ഏറെ സന്തോഷത്തോടെ കുളിക്കാൻ പോകുന്നതു കാണാം.
           കവലയിൽ ബസു കാത്തു നിൽക്കുമ്പോൾ തട്ടുകടയിലെ ദിവാകരൻ ചേട്ടൻ വിളിച്ചു ചോദിച്ചു, "രാധികാ ... ഇന്നൊഴിവായതു കൊണ്ട് 'തണലി'ലേക്ക് പോകുകയാകും അല്ലെ?" ജോലി കിട്ടി ഈ ഗ്രാമത്തിൽ നിയമനം ലഭിക്കുമ്പോൾ ഇടയ്ക്കൊക്കെ ഓടി വരാം എന്ന ഉറപ്പു മാത്രമാണ് തണലിലെ വളർത്തമ്മമാർക്ക് രാധിക കൊടുത്തത്.തന്റെ നോവിന് താങ്ങായിരുന്ന ആ അനാഥമന്ദിരത്തോട് അവൾ അത്രയേറെ കടപ്പെട്ടിരിക്കുന്നു.
            ബസിൽ നല്ല തിരക്കുണ്ടായിരുന്നു.പല ജാതിയാൾക്കാർ ... പല പല ലക്ഷ്യങ്ങളുമായി ... കുട്ടികൾ, തൊഴിലാളികൾ, പുരോഹിതൻ, മുക്കുവർ അങ്ങനെയങ്ങനെ ! ഏറ്റവും പിന്നിലെ സീറ്റിലിരിക്കുന്ന ജോസഫച്ചൻ തന്റെ ഇടവകയിലോ മതത്തിലോ പെടാത്ത മറ്റൊരു യാത്രക്കാരനു വേണ്ടി ഉച്ചത്തിൽ പ്രാർത്ഥിക്കുകയാണ്.
             തണലിലെ കുട്ടിൾ തന്നെ പ്രതീക്ഷിഷിച്ചിരിക്കുകയാകും എന്ന് രാധികയ്ക്കറിയാം. എല്ലാ ഒഴിവു ദിനങ്ങളിലും അങ്ങനെ തന്നെയാണ്. കൈയിൽ ഒരു പിടി മിഠായി അവൾ കരുതിയിരിക്കും. ഒരു ദിനം മുഴുവൻ ആരോരുമില്ലാത്ത്തവർക്ക് എല്ലാമെല്ലാമായി ജീവിക്കും. കുഞ്ഞുങ്ങളെ കുളിപ്പിക്കാനും, അവർക്ക് കഥകൾ പറഞ്ഞു കൊടുക്കാനും അവൾ പ്രത്യേകം ശ്രദ്ധിച്ചു.കുട്ടികളുടെ വാർഡൻ നീരജ ചേച്ചിക്ക് ഈ ദിവസങ്ങളിൽ പണി കുറവാണ് . ഒത്തിരി അനാഥ ജന്മങ്ങളുടെ നിറം മങ്ങിയ കുട്ടിക്കാലത്തിന് ചായം പൂശുമ്പോൾ മനസ് നിറയുമെന്നാണ് രാധിക പറയാറ്. ആ സംതൃപ്തി മാത്രമേ അവൾ ആഗ്രഹിക്കുന്നുള്ളു. കുട്ടിപ്പട്ടാളത്തിന്റെ ഒരു കൂട്ടം ആഗ്രഹങ്ങളുടെ സാക്ഷാത്കാരമാണ് രാധികയുടെ വരവിലൂടെ പൂർണമാകുന്നത്.
               ഇന്ന് രാധിക ഒരു എഴുത്തുകാരി കൂടെയാണ്. അവൾക്ക് ഈ ലോകത്തിന് ഒരു പാട് സന്ദേശങ്ങൾ കൊടുക്കാനുണ്ട്. നന്മയ്ക്കു വേണ്ടി പൊരുതാനും മനുഷ്യരൂപം പൂണ്ട ചെകുത്താന്മാരെ മുട്ടുകുത്തിക്കാനും വേണ്ടി അവൾ ഒഴിവു സമയങ്ങളിൽ എഴുത്ത് ശീലമാക്കി. സ്വന്തം കാഴ്ചപ്പാടുകളെ സമൂഹത്തിൽ വിളിച്ചു പറയാൻ അവൾ ഭയന്നില്ല.
             പഴയ വാടക വീട്ടിൽ ഒറ്റക്കാണെങ്കിലും ഒരുപാട് അർത്ഥമുള്ള ജീവിതം ജീവിച്ചാസ്വദിക്കുകയാണവൾ. നന്മയുടെ വളർത്തമ്മയും തിന്മയുടെ ആരാച്ചാരുമായി ഏറെക്കാലം നിലനിൽക്കണമെന്നാണ് അവളുടെ  ആഗ്രഹം.
             അവൾ ഭയക്കുന്നില്ല. കാരണം, കുട്ടിക്കാലം മുതൽക്കേ  സ്ത്രീത്വത്തിന്റെ പേരുപറഞ്ഞ് ജീവിതത്തെ നാലു ചുമരിനുള്ളിൽ തളയ്ക്കാൻ അവൾക്കാരും ഉണ്ടായിരുന്നില്ല. സ്ത്രീകളിൽ കാണേണ്ട ഭവ്യതയുടെ മാറ്റുകൂട്ടാൻ ചിന്തകളെ മനസിനുള്ളിൽ വച്ചു തന്നെ ശ്വാസം മുട്ടിച്ചു കൊല്ലാനും, ആഗ്രഹങ്ങളുടെ വായ മൂടിക്കെട്ടി കടലിലെറിയാനും ആർക്കും അവൾ അവസരം കൊടുത്തതുമില്ല. മനുഷ്യനായി ജനിച്ചു... മനുഷ്യനായി മാത്രം ജീവിക്കുന്നു ...
             സന്ധ്യയോടെ അവൾ മടങ്ങിയെത്തിയിരിക്കുന്നു. നിറമനസോടെ ... പുതിയ കുറെ ആശയങ്ങളും പേറി ...
             പക്ഷെ ... എനിക്കിഷ്ടമാണ് ... അവളെ പിന്തുടരാൻ ... വെളിച്ചത്തിൽ പ്രത്യക്ഷമായും ഇരുട്ടിൽ പരോക്ഷമായും അവളുടെ ഒപ്പം നടക്കുമ്പോൾ എനിക്ക് പൂർണ സംതൃപ്തിയാണ്. മറ്റു നിഴലുകളെക്കാൾ കൂടുതൽ എനിക്കു പറയാനുണ്ട്... നന്മയുടെ നൂറു നൂറു കഥകൾ...! അവളുടെ ചുവടുകൾ ചേർന്നു നടക്കാനും നന്മകൾക്ക് സാക്ഷിയാകാനും എനിക്കു മാത്രമല്ലേ കഴിയുന്നുള്ളു.
              സൂര്യൻ അസ്തമിച്ചിരിക്കുന്നു. രാധിക നൃത്തം ചെയ്യുകയാണ്. വർണശബളമായ ഒരു ദിനത്തിന്റെ മധുരമേറിയ അന്ത്യം. പാതിരാക്കാറ്റും  ഇമ്പമുള്ള ചീവിടിന്റെ ഒച്ചയും അവളോടൊപ്പം  കൂടി... ഞാനും കൂടി ...! സായന്തനത്തിൽ കൺ തുറന്ന മുല്ലമൊട്ടുകളുടെ വാസന വീട്ടിലെങ്ങും പരന്നു. ഏതോ ഒരു മധുര സംഗീതത്തിൽ ലയിച്ച് അവൾ ചുവടുവയ്ക്കുന്നു. ഒപ്പം ഞാനും...!

Friday, 5 January 2018

സുപ്രഭാതം

      ആരാ പറഞ്ഞത് ഇന്നുകൾ ഇന്നലെകളുടെ തുടർക്കഥയാണെന്ന്?...ശുദ്ധ മണ്ടത്തരം. ഇന്നുകൾ ഒരു പുതിയതുടക്കമാണ്.ഒരു കാലത്ത് പുലരികളെ എനിക്കു ഭയമായിരുന്നു. പുലരിയെ പഴി പറഞ്ഞു കൊണ്ട് മനസില്ലാ മനസോടെ പുതപ്പിനടിയിൽ നിന്ന് ദു:ഖത്തോടെയിറങ്ങുന്ന സ്വഭാവമായിരുന്നു എനിക്ക്. പുതിയ ദിനത്തിൽ സായന്തനം വരെ ചെയ്തു തീർക്കേണ്ട പണികൾ, അസൈൻമെന്റുകൾ, പ്രാക്ടിക്കലുകൾ, ടെസ്റ്റു പേപ്പറുകൾ എന്നിങ്ങനെ നൂറു നൂറു കാര്യങ്ങളാണ് ഓരോ ദിവസവും രാവിലെ എന്റെ മനസിലൂടെ കടന്നു പോവുക. ഇനി സായന്തനമായാലോ... പിറ്റേന്നു ഹാജരാക്കേണ്ട പ്രവർത്തനങ്ങളുടെ പിന്നാലെയുള്ള മരണപ്പാച്ചിലും.ഏതൊരു സ്കൂൾ വിദ്യാർത്ഥിക്കും തോന്നാവുന്ന ഇത്തരം കഷ്ടപ്പാടുകൾക്കു പുറമേ ദു:സഹമായിരുന്നു രാവിലെയുള്ള കായികാഭ്യാസം.പി.ടി. ടീച്ചർ അവധിയിലായിരിക്കണേ, അതിരാവിലെ മഴയായിരിക്കണേ എന്നുള്ള പ്രാർത്ഥനകളൊക്കെയും വ്യർത്ഥമാവുകയായിരുന്നു പതിവ്.
         ചുരുങ്ങിയ കാലയളവിൽത്തന്നെ എന്റെ ചിന്തകൾ നന്നേമാറിയിരിക്കുന്നു. കാലത്തിന്റെ അനിവാര്യതയ്ക്കനുസരിച്ച് ഞാൻ എന്റെ മനസിനെ പാകപ്പെടുത്തിക്കഴിഞ്ഞു. കോളേജ് ജീവിതത്തിലെത്തിയപ്പോഴും ഹോസ്റ്റൽ ജീവിതം തന്നെ തുടരാനുറപ്പിച്ചപ്പോഴും ഇങ്ങനെയൊരു മാറ്റം പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് പുലരികളെ എനിക്കിഷ്ടമാണ് .സൂര്യനുദിക്കാനായി കാത്തിരിക്കാറുണ്ട്. കോളേജിലായതിൽപ്പിന്നെ ,കൃത്യസമയത്തു തന്നെ
 വ്യായാമം ചെയ്യണമെന്നും ആരും നിർബന്ധിക്കാറില്ല.ക്ലാസിൽ പോകുന്നതും കൃത്യസമയത്ത് ഹോസ്റ്റലിലെത്തുന്നതും തന്നിഷ്ടമായി മാറി. ഇത്രയൊക്കെയായിട്ടും സ്വയം നേർവഴിക്കു നയിക്കാനുള്ളപക്വതമനസും കൈവരിച്ചു കഴിഞ്ഞിരിക്കുന്നു.
        ധനുമാസ പുലരികൾ എപ്പോഴും സുന്ദരമാണല്ലോ. ഇളം മഞ്ഞും, തണുപ്പും...!വിശാലമായ ക്യാമ്പസിലൂടെയുള്ള രാവിലെ യാത്രകൾ എപ്പോഴും ഒരു പ്രത്യേക അനുഭൂതി തന്നെയാണ്. എല്ലാതരത്തിലുള്ള സമ്മർദങ്ങളും ഒഴിവാക്കാൻ ഈ പുലരികളുടെ സൗന്ദര്യം തന്നെ ധാരാളം.
      ആറുമണിക്കു മുൻപു തന്നെ കൂടുവിട്ട് ഇര തേടിപ്പോകുന്ന കിളികളാണ് എന്നെ മിക്കപ്പോഴും ആകർഷിക്കുക. തണുത്തപുലരിയിൽ ഒരു സംഘമായി പറന്ന് സന്തോഷത്തോടെ സായന്തനത്തിൽ മടങ്ങിയെത്തുന്ന കുരുവിക്കൂട്ടങ്ങൾ നൽകുന്ന പ്രചോദനം ഒന്നു വേറെ തന്നെ .ഇടയ്ക്കൊക്കെ മയിലും മൈനകളും ഒക്കെ വരാറുണ്ട്. നമ്മൾ മനുഷ്യരെ ഇവർ ഭയക്കുന്നതിനാൽ കഴിവതും ഞാനിവയെക്കാണുമ്പോൾ ദൂരെ മാറി നിന്ന് ചിന്തയിൽ മുഴുകുകയാണ് പതിവ്. പ്രകൃതിയുടെ സന്തുലനതയ്ക്ക് കോട്ടം വരുത്താൻ ശ്രമിക്കുന്ന ഒരേ ഒരു ജീവി മനുഷ്യനാണെന്ന കാര്യം അംഗീകരിക്കാതെ വയ്യ.
       രാവിലെകൾ മാത്രം പ്രദാനം ചെയ്യുന്ന ഇത്തരം സുന്ദരദൃശ്യങ്ങളെ ഉറക്കത്താൽ അകറ്റി നിർത്തുന്നവരോട് എനിക്കു സഹതാപമാണ്. വ്യത്യസ്തങ്ങളായ പക്ഷികളും, പൂമ്പാറ്റകളും, പുൽനാമ്പുകളും, പുതുതായി കൺ തുറന്ന അരളിപ്പൂക്കളും, ആരാലും ശ്രദ്ധിക്കപ്പെടാതെ റോഡരികിൽ തഴച്ചുവളരുന്ന എരിക്കുചെടികളും എന്നെ പ്രകൃതിയോടടുപ്പിക്കുന്നതു പോലെ തോന്നി. ചിലപ്പോഴൊക്കെ അത്ഭുതം തോന്നും.എത്രയും പെട്ടെന്ന് നേരം പുലരണേയെന്നതാണ് ഇപ്പോഴുള്ള എന്റെ പ്രാർത്ഥന.
        ഒരിക്കൽ അല്പനേരം കൂടെയുറങ്ങാൻ മഴക്കായി പ്രാർത്ഥിച്ചിരുന്ന ഞാൻ, ഈയിടെ ചാറ്റൽ മഴയുള്ള രാവിലെകളിൽ ആളൊഴിഞ്ഞ ക്യാമ്പസ് റോഡുകളിൽ ഒരു കുടപോലും കൂട്ടാക്കാതെ നടക്കുക പതിവായി. നനഞ്ഞു കുതിർന്ന് ഹോസ്റ്റൽ എൻട്രൻസിലെത്തുമ്പോൾ സെക്യൂരിറ്റിയുടെ പതിവു ചോദ്യമുണ്ട്, ''ഒരു നാൾകൂടെ ജോഗിംഗ് പോകാമെ ഇരിക്ക മാട്ടെ യാ... ?"ഈ ചോദ്യയത്തിന് ഒരു കള്ളച്ചിരി പാസാക്കി ഒഴിഞ്ഞുമാറുകയേ വഴിയുള്ളു. അമ്മയുടെ അസാന്നിധ്യത്തിൽ ഇതെല്ലാം നിസാരമാണുതാനും.എങ്കിലും അവധിക്കാലത്ത് അമ്മയുടെ മടിയിൽ കിടന്ന് ക്യാമ്പസ് വിശേഷങ്ങൾ വാതോരാതെ പറയുന്ന തിരക്കിൽ അറിയാതെയെങ്കിലും എന്റെ ഇത്തരം ലീലാവിലാസങ്ങൾ പുറത്തു വരാറുണ്ട്. ആരോഗ്യ കാര്യത്തിൽ ആശങ്കയുണ്ടെങ്കിലും ഇതിനോടൊക്കെ ക്ഷമിക്കുക അമ്മയും പതിവാക്കി.