പതിനഞ്ച് വർഷങ്ങൾക്കു ശേഷം ഞാൻ ഉണ്ണിക്കുട്ടനെ കാണുകയായിരുന്നു. പഴയ അഞ്ചു വയസ്സുകാരിയുടെ കൗതുകത്തോടെ. ഇടയ്ക്കിടെ സ്വപ്നങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടു മുങ്ങാറുണ്ടായിരുന്നു പലപ്പോഴും. ഇത്രയേറെ വർഷങ്ങൾക്കിപ്പുറവും നിറംമങ്ങാത്ത ബാല്യകാല ഓർമ്മകൾ ധാരാളമുണ്ട്. വീണ്ടുമൊരു കണ്ടുമുട്ടൽ യാദൃശ്ചികമായിരുന്നു. കണ്ടമാത്രയിൽ തന്നെ മനസ്സ് ശരവേഗത്തിൽ എന്നെയും കൊണ്ട് ആ സുഖസുന്ദര കാലഘട്ടത്തിലേക്ക് കടന്നു. അത്ഭുതം അടക്കാനാവാതെ ഞാൻ ചുറ്റും നോക്കി. ആരും ഉണ്ണിക്കുട്ടനെ ശ്രദ്ധിക്കുന്നില്ല. പണ്ടും അതങ്ങനെ തന്നെ ആയിരുന്നു. എന്നാൽ കുറച്ച് കുട്ടിമണികൾ അവരെ ചുറ്റിപ്പറ്റി തന്നെയുണ്ട്.പണ്ടൊക്കെ അവരെ കണ്ടുകഴിഞ്ഞാൽ ഞാൻ ഓടി അടുത്തെത്തും. എന്നാൽ ഇന്ന് വളർന്നു പോയി എന്ന ഒറ്റക്കാരണത്താൽ പരിസരം മറന്ന് ആർത്ത് ഉല്ലസിക്കാൻ ഉള്ള അനുമതി സ്വയം നിഷേധിച്ചുകൊണ്ട്... അതുകൊണ്ട് മാത്രം, പെട്ടെന്ന് മനസ്സിൽ ഇരച്ചുകയറിയ അത്ഭുതവും ഉന്മേഷവും കണ്ണിലും ചുണ്ടിലും മാത്രം ഒളിപ്പിച്ച് അങ്ങനെയങ്ങു നിന്നുപോയി.
കൈ നിറയെ പല നിറത്തിലുള്ള കുപ്പിവളകൾ, കാട്ടുപൂക്കളോ അടുക്കി കെട്ടിയ കനകാംബരമോ അണിഞ്ഞ പാറിപ്പറന്ന മുടി, കഴുത്തിൽ മുത്തുമാല യോ രുദ്രാക്ഷമോ, നെറ്റിയിൽ ചന്ദനക്കുറി, കൈയിൽ വിശിഷ്ട വസ്തുക്കൾ നിറച്ച ഒരു ചെറിയ തുണി സഞ്ചി ... ഇതാണ് ഉണ്ണിക്കുട്ടനെ സാധാരണയായി കണ്ടു വരാറുള്ള രൂപം. ദാനം കിട്ടിയതെങ്കിലും വർണ്ണശബളമായ സാരി അതീവ അശ്രദ്ധയോടെ അലങ്കോലമായി ഉടുത്ത് ഇക്കണ്ട നാട്ടുകാരോടൊക്കെയും തൻറെ പ്രിയ സഹയാത്രികനോട് എന്നോണം വാതോരാതെ സംസാരിക്കുന്ന പ്രകൃതക്കാരി. ചിരിക്കാത്ത മുഖം ഉണ്ണിക്കുട്ടന് ഉണ്ടായിട്ടുണ്ടാകില്ല.
അമ്പലത്തിനു പുറത്തെ വലിയ ആൽമരചോടും, കുളക്കരയിലെ പുൽമെത്തയും തന്നെയായിരുന്നു ഉണ്ണിക്കുട്ടന് തറവാട്. വിശപ്പില്ലാത്ത ഭഗവാന് ഭക്തർ കൊണ്ടുവന്ന പഴവും മലരും ഉണ്ണിക്കുട്ടൻ്റെ വിശപ്പിന് അറുതി വരുത്തി. അതുമല്ലെങ്കിൽ ഏതൊരു വീട്ടിൽ കയറി ചെന്നാലും ആട്ടി ഓടിക്കാതെ ആരും ഭക്ഷണംകൊടുത്തിരുന്നു.
ഇവിടെ നിന്ന് വന്നെന്നോ എന്തിന് വന്നെന്നോ എനിക്കറിയില്ല. പ്രായഭേദമന്യേ ആർക്കു വേണേലും ഉണ്ണിക്കുട്ടാന്ന് നീട്ടി വിളിക്കാം.
സന്ധ്യാ പൂജകഴിഞ്ഞ് പായസം കഴിക്കാൻ വേണ്ടി മാത്രം ഭക്തിമാർഗം സ്വീകരിച്ച് ഓരോ തവണ ഞാൻ അമ്പലത്തിലെത്തിയിരുന്നപ്പോഴും ഉണ്ണിക്കുട്ടനുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞു. വാഴയിലയിൽ ചൂടുള്ള ശർക്കരപ്പായസം വാങ്ങി ഒന്നിച്ചിരുന്ന് കഴിച്ചിട്ട് പോവാൻ നേരം തൻ്റെ ഏക സ്വത്തായ തുണി സഞ്ചിയിൽ നിന്ന് ചില സമ്മാനങ്ങൾ എനിക്ക് തന്നിരുന്നു. എനിക്കേറെ ഇഷ്ടപ്പെട്ട നിറത്തിലുള്ള വളപ്പൊട്ടുകളോ മഞ്ചാടിക്കുരുക്കളോ അങ്ങനെ എന്തെങ്കിലുമാവും സമ്മാനിക്കുക. അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഉണ്ണിക്കുട്ടൻ അപ്രത്യക്ഷമായത്. ഉത്സവദിവസങ്ങളിലൊക്കെ പ്രതീക്ഷയോടെ കാത്തിരുന്നു. പക്ഷേ വന്നതേയില്ല. പിന്നെ പലപ്പോഴായി തീർത്ഥാടനങ്ങൾക്ക് പോകാറുള്ള പല അയൽക്കാരും മറ്റു പല അമ്പലങ്ങളിലും അവരെ കണ്ടു എന്ന് പറഞ്ഞു. പക്ഷേ എനിക്ക് മാത്രം പിന്നീട് ഒരിക്കലും കാണാൻ കഴിഞ്ഞില്ല . ക്രമേണ ആ സുന്ദരകാലം കാലം ഓർമ്മകളിൽ മാത്രമായി ഒതുങ്ങി.
മനുഷ്യജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം എന്ന് ഞാൻ വിശേഷിപ്പിക്കുന്നത് ബാല്യത്തെയാണ്. കളങ്കം നിറഞ്ഞ ചിന്തകൾ മനസ്സിലേക്ക് എത്തുന്നതിന് ഏറെ മുന്നേയുള്ള മധുരമായ ഒരു കാലഘട്ടം തിരക്കേറിയ ജീവിതത്തിൽ ഒന്ന് സ്വതന്ത്രമായി തന്നിലെ നന്മകളിലേക്ക് കണ്ണോടിക്കാൻ പോലും കഴിയാതെ എന്തിനോ വേണ്ടി പായുന്ന ഞാനും നിങ്ങളും എല്ലാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകും ആ ബാല്യത്തിലേക്ക് മടങ്ങിപ്പോവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്. ഇക്കാര്യത്തിൽ ആണ് എനിക്ക് ഉണ്ണിക്കുട്ടനോട് അസൂയ തോന്നാറ്. ഉണ്ണിക്കുട്ടന് ജീവിത കാലഘട്ടം മുഴുവൻ ബാല്യം തന്നെയാണ് ചിന്തകളും മനസ്സും വളരാത്തതുകൊണ്ട് എക്കാലവും അവർ സന്തുഷ്ടയാണ്. മടുപ്പുളവാക്കുന്ന ജീവിതരീതികൾ ഒന്നും തന്നെ ഇല്ല. ആരും അതിർത്തി നിർണ്ണയിക്കാത്ത സഞ്ചാരസ്വാതന്ത്ര്യവും വസ്ത്ര സ്വാതന്ത്ര്യവും... സ്വന്തമായി ആരുമില്ലാത്തവൾ എന്ന സഹതാപം നാട്ടുകാർക്ക് മാത്രമായിരുന്നു. അത്തരം വിഷമ ചിന്തകൾ അവർക്ക് എപ്പോഴെങ്കിലും ഉണ്ടായതായി ഞാൻ കരുതുന്നില്ല.
കുറെ വർഷം കാണാതായപ്പോൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും പോലും ഞാൻ സംശയിച്ചു. രൂപത്തിലും ഭാവത്തിലും വർത്തമാനത്തിലും ഒന്നും ഇപ്പോഴും ഒരു മാറ്റവും ഇല്ല. കൂടുതൽ പ്രസന്നമായ വദനം. ഇപ്പോഴും തുണിസഞ്ചി കൈയിലുണ്ട്...
കാലത്തിന് നേർക്ക് തൻ്റെ യൗവനം വച്ചു നീട്ടി ബാല്യം തിരികെ നൽകാൻ അപേക്ഷിക്കുന്ന നമ്മളിൽ ചിലരെങ്കിലും ഉണ്ണിക്കുട്ടനോട് അസൂയാലുക്കളാണ്. ഒരുപക്ഷേ ഞാനും. ചില സുന്ദര സൃഷ്ടികളെ ദൂരെ നിന്ന് മാത്രം കണ്ടു തൃപ്തിപ്പെടണം. ജീവിതത്തിൻറെ എല്ലാകാലവും അത്തരം കാഴ്ചകൾ നമുക്ക് മുന്നോട്ടു പോകുവാനുള്ള പ്രചോദനമാകും. ആ കാഴ്ചകൾ കാണാനും അവ ഹൃദയത്തിൽ പകർത്താനും നാം നമ്മുടെ കണ്ണുകളെയും മനസ്സിനേയും അനുവദിക്കണമെന്ന് മാത്രം.
തിരികെ നടക്കുമ്പോൾ എന്തോ ഞാൻ എൻറെ കണ്ണുകളെ മറ്റൊന്നും കാണാൻ അനുവദിച്ചില്ല. സ്മരണകൾ എൻ്റെ ഇതളുകൾ തഴുകി ശിഖരങ്ങളിലൂടെ ഊർന്ന് എൻ്റെ വേരുകളിൽ അമരുകയായിരുന്നു. ആ കുളിർമ ഞാൻ ആസ്വദിക്കുകയായിരുന്നു.😊
No comments:
Post a Comment